വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും
"നിങ്ങളുടെ അടിമത്തം നിങ്ങൾതന്നെ ഇല്ലാതാക്കണം .അത് ഇല്ലാതാക്കുന്നതിന് ദൈവത്തെയോ ,അതിമാനുഷനെയോ അന്യ രാഷ്ട്രീയക്കാരെയോ ആശ്രയിക്കരുത്.രാഷ്ട്രീയ അധികാരത്തിലാണ് നിങ്ങളുടെ മോചനം സ്ഥിതിചെയ്യുന്നത്.നിങ്ങൾക്ക് ആഹാരവും വസ്ത്രവും പാർപ്പിടവും വിദ്യാഭ്യാസവും മരുന്നും ജീവിത മാർഗ്ഗവും ഒരുക്കി തരേണ്ട ചുമതല നിയമ നിർമ്മാണ സഭകളുടെതാണ്.നിങ്ങളുടെ അനുവാദത്തോടും സമ്മതത്തോടും കൂടിവേണം നിയമ നിർമ്മാണവും അതിന്റെ നിർവ്വഹണവും അതിൻറെ തീർപ്പും നിർവ്വഹിക്കാൻ.ചുരുക്കത്തിൽ നിയമമാണ് ഏതു ഭൗതികസന്തുഷ്ടിയുടേയും ഇരിപ്പിടം.നിയമനിർമ്മാണത്തിനുള്ള അധികാരം നിങ്ങൾ പിടിച്ചെടുക്കണം.ആ വഴിയിലാണ് നിങ്ങളുടെ മോചനം.ഊന്നുവടികൾ ഉപേക്ഷിച്ചു യാചനയെ നിരുത്സാഹപ്പെടുത്തു.ഭാവിയെ പുഞ്ചിരിയോടെ നേരിടുക.ഇവിടെ ഭയപ്പെടേണ്ടതായി ഒന്നുമില്ല സാമൂഹികമായി പാർശ്വവൽക്കരിക്കപ്പെട്ടവൻ രാഷ്ട്രീയമായും വേർതിരിക്കപ്പെടണം." "രാഷ്ട്രീയ അധികാരമാണ് മുഖ്യ താക്കോൽ അത് വിജയത്തിൻറെ എല്ലാ വാതിലുകളും തുറന്നുതരും".
രാഷ്ട്രീയ അധികാരത്തെ കുറിച്ച് ഭരണഘടനാ ശില്പിയായ ഡോ:അംബേദ്ക്കറുടെ വാക്കുകളാണിത്. ഇതിൻറെ അന്ത:സത്ത ഉൾക്കൊണ്ടു കൊണ്ട് വിശ്വകർമ്മജർ സമുദായികമായും , രാഷ്ട്രീയമായും സംഘടിച്ചു ശക്തരാകേണ്ട കാലം അധിക്രമിച്ചു.
1948 ൽ നടന്ന അസംബ്‌ളി പൊതു തെരഞ്ഞെടുപ്പിൽ വിശ്വകർമ്മ സമുദായത്തിന് ജനസംഖ്യാ അനുപാതത്തിൽ ,ചിറയിൻകീഴ് മണ്ഡലത്തിൽ ശ്രീ .UK. വാസുദേവൻ ആചാരി [മഹാസഭ പ്രസിഡണ്ട്] കോട്ടയം നിയോജകമണ്ഡലത്തിൽ ശ്രീ.PK. കുമാരൻ ആചാരി [മഹാസഭ ജന:സെക്രട്ടറി] പത്തനംതിട്ട യിൽ ശ്രീ.കൊട്ടാരക്കര രാമചന്ദ്രൻ, കൊല്ലം ശ്രീ.G.നീലകണ്ഠൻ , നെയ്യാറ്റിൻകര ശ്രീ.രാമകൃഷ്ണൻ ആചാരിയും വിജയിച്ചു.പിൽക്കാലത്തു ശ്രീ.തെങ്ങമം ബാലകൃഷ്ണനും , ശ്രീ.TU രാധാകൃഷ്ണനും നിയമ സഭാ സാമാജികരായതും 1980 ൽ അഡ്വ:P .സരസപ്പൻ ആറന്മുളയിൽ നിസാര വോട്ടുകൾക്ക് പരാജയപ്പെട്ടതും രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയിലാണ്.സമുദായം എന്നനിലയിൽ അതൊരു അംഗീകാരവുമായിരുന്നു. 1932 ൽ ശ്രീമൂലം പ്രജാസഭയിൽ ശ്രീ. G. നീലകണ്ഠനും , ശ്രീ .N. വേലു ആചാരിയും അംഗമായിരുന്നു എന്ന വസ്തുതയും നാം വിസ്മരിച്ചുകൂട. നിയമ നിർമ്മാണ സഭകളിൽ കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്ന പ്രാധിനിത്യം നിലനിർത്തുവാൻ നമുക്ക് സാധിക്കാതെ പോയത് എന്തുകൊണ്ടാണ് എന്ന് ഒരു ഗവേഷണ വിഷയമായി തന്നെ ആധുനിക യുവ തലമുറ പഠന വിധേയമാക്കേണ്ടതാണ്.
ആധുനിക തലമുറയിലെ അരാഷ്ട്രീയ വൽക്കരണം, അസംഘടിതരായ പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾ കൂടുതൽ പിന്നോക്കം പോകുവാൻ കാരണമാകുമെന്ന തിരിച്ചറിവ് യുവ തലമുറക്കുണ്ടാകണം .
Comments