സ്വർണ്ണവ്യവസായത്തിന്റെ വളർച്ചയും സ്വർണ്ണ തൊഴിലാളികളുടെ തകർച്ചയും
സ്വർണ്ണവ്യവസായത്തിന്റെ വളർച്ചയും
സ്വർണ്ണ തൊഴിലാളികളുടെ തകർച്ചയും
ശശിക്കുട്ടൻ വാകത്താനം.
കേരളത്തിലെ എട്ട് ലക്ഷം വരുന്ന സ്വർണ്ണ തൊഴിലാളികളെ എല്ലാ ഭരണവർഗ്ഗ പാർട്ടികളും സംഘടിപ്പിച്ചിട്ടുണ്ട് കൂടാതെ സ്വതന്ത്ര യൂണിയനുകളും.എന്നാൽ അവരുടെ തൊഴിൽപരമായ അവസ്ഥകളെ പരിഹരിക്കാൻ എന്തെങ്കിലും ക്രിയാത്മക പദ്ധതികൾ മുന്നോട്ടുവയ്ക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല എന്നുള്ളത് വസ്തുതയാണ്. സ്വർണ്ണ തൊഴിലാളികളുടെ ക്ഷേമത്തിനായി രൂപീകരിച്ച ക്ഷേമനിധി ബോർഡുപോലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.വോട്ടുബാങ്ക് രാഷ്ട്രീയത്തിലേക്ക് അധഃപ്പതിച്ച ഭരണവർഗ്ഗ പാർട്ടികൾക്ക് ഈ വിഭാഗം തൊഴിലാളികളെ തിരിച്ചറിയാൻ സാധിക്കില്ല എന്നതും വസ്തുതയാണ്. പാരമ്പര്യത്തിൻറെ തനിമയെ ഉയർത്തിക്കാട്ടിയാണ് സ്വർണ്ണാഭരണ വിപണി ഇന്നും ലാഭം കൊയ്യുന്നത്. ആധുനിക ഫാഷൻ ഡിസൈൻ
പഴയ പലതിന്റെയും അനുകരണങ്ങളോ ചെറിയ മാറ്റങ്ങളോട് കൂടിയോ ആണ് അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
മാറിമാറി വരുന്ന സാമൂഹ്യ സാമൂഹ്യസാഹചര്യങ്ങൾക്കനുസരണമായി മാറാൻ നിർബന്ധിതരാവുകയും എന്നാൽ മാറാൻ കഴിയാതിരിക്കുകയും ചെയ്യുന്ന തൊഴിൽ വിഭാഗമാണ് പൊതുവെ വിശ്വകർമ്മജർ. അതിൽ പ്രാമുഖ്യമുള്ളവരാണ് സ്വർണ്ണപ്പണിക്കാർ.പരമ്പരാഗത മേഖലയിൽ പണിയെടുത്തിരുന്ന ഈ വിഭാഗത്തിന് മൂല്യവർദ്ധിത വസ്തുവിൻറെ പണിക്കാർ എന്നനിലയിൽ സമൂഹത്തിൽ ഒരുകാലത്തു മാന്യത കല്പിക്കപ്പെട്ടിരുന്നു.എന്നാൽതാൻകൈകാര്യംചെയ്യുന്നവസ്തുവിൻറെ മൂല്യത്തെ കുറിച്ചോ കൈമാറ്റ മൂല്യത്തെക്കുറിച്ചോ ഒരു ധാരണയും അവർക്ക് ഉണ്ടായിരുന്നുമില്ല.
സ്വർണ്ണ പണിക്കാരെ സംബന്ധിച്ചിടത്തോളം ഒരു ചരക്കെന്ന നിലയിലല്ല അവർ സ്വർണത്തെ കൈകാര്യം ചെയ്തിരുന്നത്, ഇന്നുവരെ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലാത്ത വിശ്വകർമ്മജൻറെശാസ്ത്രസാങ്കേതികപരിജ്ഞാനത്തെയും, പാരമ്പര്യ സിദ്ദിയെയും ദൈവികമായ അനുഗ്രഹമായി കണ്ടുപോന്നിരുന്നു.
പണിയാൻ കിട്ടുന്ന സ്വർണ്ണം പണിതുകൊടുക്കുകയും അതിനു കൂലി വാങ്ങുകയും ചെയ്യുന്നതിനപ്പുറം കൂലിയിൽ ഏകീകരണം പോലുമുണ്ടായിരുന്നില്ല. ആദ്യ കാലങ്ങളിലെ പണിക്കൂലി പണിക്കുറവ് മാത്രമായിരുന്നു. കച്ചവടക്കാർ ശരിക്കും ചൂഷണം ചെയ്തു.ഇന്നിപ്പോൾ പരമ്പരാഗത മേഖലയിൽ പണിയെടുത്തിരുന്ന ഒരു തൊഴിലാളിയുടെയും ആവശ്യം സ്വർണ്ണ കടക്കാർക്ക് വേണ്ടാതെ വന്നിരിക്കുന്നു.
സ്വർണ്ണ വ്യാപാരികളിൽനിന്നും ഒരിക്കലും കൃത്യമായ കണക്കുകൾ സർക്കാരിന് ലഭിക്കാറില്ല. അതുകൊണ്ടുതന്നെ സ്വർണ്ണ കച്ചവടത്തെ സംബന്ധിച്ചു കൃത്യമായ ഒരു കണക്കു പറയാൻ സർക്കാരിനുംകഴിയില്ല.കള്ളക്കടത്തുവഴിയും അല്ലാതെയും കൊണ്ടുവരുന്ന സ്വർണ്ണത്തിന്റെകണക്കുംഒരിക്കലുംതിട്ടപ്പെ ടുത്തുവാൻകഴിഞ്ഞിട്ടില്ല.കച്ചവടക്കാരും കള്ളക്കടത്തുകാരും, ഉദ്യോഗസ്ഥരും കൂടി ദിവസേന നടത്തുന്ന കള്ളക്കടത്തു സംബന്ധിച്ച വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നു.
കള്ളക്കടത്തുവഴി കേരളത്തിലെത്തുന്ന സ്വർണം മൂന്ന് ഏജൻസി കളുടെ കൈകളിലാണെത്തുന്നത്.സ്വർണ്ണംശുദ്ദിയാക്കുന്നവർ, കച്ചവടക്കാർ മൊത്തക്കച്ചവടക്കാർ. സ്വർണ മേഖലയിൽ ഇന്ന് മൊത്തക്കച്ചവടക്കാരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.നികുതിവെട്ടിച്ചു പുറത്തുനിന്നു കൊണ്ടുവരുന്ന ആഭരണങ്ങളും ബാറുകളും കസ്റ്റംസ് പിടിച്ചാൽ തന്നെ നികുതിയടച്ചു അത്
വാങ്ങുന്നത് മൊത്തക്കച്ചവടക്കാരാണ്.അവരാണ് രഹസ്യമായി സ്വർണം വിപണിയിലെത്തിക്കുന്നത്.ടൺ കണക്കിന് സ്വർണം ഇങ്ങനെ കൊണ്ടുവരുമ്പോഴും കേരളത്തിലെ പരമ്പരാഗത സ്വര്ണപ്പണിക്കാർക്കു തൊഴിലില്ല എന്നതാണ് ഇതിലെ വൈരുദ്ധ്യം.സ്വർണ്ണ കള്ളക്കടത്തു നിയന്ത്രിക്കാൻ പല കാലങ്ങളായി സർക്കാർ പല നിയമങ്ങൾ കൊണ്ടുവന്നെങ്കിലും അതെല്ലാം ബാധിച്ചത് സ്വർണതൊഴിലാളികളെയായിരുന്നു.
സ്വര്ണപ്പണിക്കാരുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി 1963 ലെ
സ്വർണ്ണനിയന്ത്രണനിയമമായിരുന്നു.1990 വരെഅത്പ്രാബല്യത്തിലുണ്ടായിരുന്നു.
ചൈനയുമായുണ്ടായ യുദ്ധത്തിൻറെ ചലവിലേക്കായി ജനങ്ങളിൽ നിന്നും സ്വർണ്ണം പിടിച്ചെടുക്കുന്നതിനുവേണ്ടി യായിരുന്നു ഈ നടപടി.ഈ നിയമം മൂലം 22 കാരറ്റ് സ്വർണ്ണം നിയമവിരുദ്ധമാക്കി. 14 കാരറ്റോ അതിൽ താഴെയോ മാത്രമേ കൈമാറ്റം ചെയ്യാവു എന്നുവന്നു.എന്നാൽ സ്വർണ്ണം സർക്കാരിനു നൽകുവാൻ ആരും തയ്യാറായില്ല.അങ്ങിനെ ആ നിയമം പരാജയപ്പെട്ടു.ഇതിലൂടെ സ്വർണ്ണത്തൊഴിലാളികൾ പണിയില്ലാത്തവരായി.അവരെ പുനരധിവസിപ്പിക്കാൻ സക്കാർ എന്തെങ്കിലും നടപടി സ്വീകരിച്ചുമില്ല. ഈ
കാലത്തിനിടക്ക് നൂറുകണക്കിന് സ്വർണ്ണത്തൊഴിലാളികൾ ആത്മഹത്യ ചെയ്തു.
1966 ൽ ഈ നിയമം ഭേദഗതി ചെയ്യുവാൻ സർക്കാർ നിർബന്ധിതമായി 22 കാരറ്റ്
പുനഃസ്ഥാപിച്ചുവെങ്കിലും പുതിയസ്വർണം ഉപയോഗിക്കുവാനുള്ള തടസം
തുടർന്നു.പഴയ സ്വർണ്ണം ഉരുക്കി പണിയുന്നതിന് മാത്രമാണ് അനുവാദം കൊടുത്തത്.
ഇതിൻറെ മറ്റൊരു സവിശേഷത ഈ കാലത്തിനടക്കാണ് വ്യവസായം എന്ന നിലയിൽ സ്വർണാഭരണ സ്ഥാപനങ്ങൾ പ്രത്യക്ഷപ്പെടുവാൻ തുടങ്ങിയത്.സ്വർണ പണിക്കാരെ സർട്ടിഫിക്കറ്റുള്ളവരും അല്ലാത്തവരും എന്ന് രണ്ടായി തിരിച്ചു. സർട്ടിഫിക്കറ്റ് ഇല്ലാത്ത തൊഴിലാളികൾ സർട്ടിഫിക്കറ്റ് ഉള്ളവരുടെ കീഴിലാണ് പണിയെടുത്തിരുന്നത്.സ്വർണ്ണ വ്യാപാരികൾക്ക് ലൈസൻസ് കൊടുക്കുകവഴി
ഇവർ സർട്ടിഫിക്കറ്റ് ഉള്ള പണിക്കാരെ ഉപയോഗപ്പെടുത്തി വൻതോതിൽ കള്ള
സ്വർണ്ണം വില്പനനടത്തി.ഈ നിയമത്തിൻറെ പേരിൽ കച്ചവടക്കാർ സ്വർണ്ണ പണിക്കാരെ കൊള്ളയടിച്ചുകൊണ്ടിരുന്നു.നിശ്ചിത അളവിൽ സ്വർണ്ണം നിക്ഷേപമായി കൊടുത്തെങ്കിൽ മാത്രമേ സ്വര്ണപ്പണിക്കാർക്കു കടയുടമകൾ
സ്വർണം പണിയാൻ കൊടുക്കുമായിരുന്നുള്ളു. മാറ്റിൽ വ്യത്യാസം വന്നാൽ
നിക്ഷേപത്തിൽ നിന്നും പിടിക്കും. സ്വാഭാവികമായും ഈ നിക്ഷേപ സ്വർണം അവർക്കു നഷ്ടപ്പെടും. ഇതു ചോദ്യം ചെയ്യുവാൻ കഴിയുന്ന വിധത്തിൽ മാറ്റ്
പരിശോധിക്കാൻ കഴിയുമായിരുന്നില്ല.കേസിനു പോയാൽ കുടുങ്ങുന്നത് സ്വർണ്ണപ്പണിക്കാരനായിരിക്കും ഇതുവഴി സ്വർണ്ണ പണിക്കാർ നശിക്കുകയും
കള്ളക്കച്ചവടം നടത്തിയവർ ധനവാന്മാർ ആവുകയും ചെയ്തു. കേരളത്തിലെ പല സ്വർണ്ണ കടക്കാരും ദാനവാന്മാർ ആയതിനുപിന്നിൽ ഇത്തരം ചില ചതികളുടെ ചരിത്രങ്ങൾ കൂടിയുണ്ട്.
സ്വർണ്ണ തൊഴിലാളികളും കട ഉടമകളും തമ്മിൽ നടന്ന കേസ്സിൽ 1978 ൽ അന്തിമവിധി ഉണ്ടായി. സ്വന്തം മൂലധനവും അദ്ധ്വാനവും ചെലവഴിച്ചു ബിസിനസ്സ് നടത്തുന്നവരാണ് സ്വർണ്ണ ബിസിനസ്സുകാർ.ഈ നിർവചനം അനുസരിച്ചു സ്വർണ്ണ വ്യാപാരത്തിൽ കച്ചവടമില്ല.കച്ചവടക്കാർ സ്വന്തം ഉൽപ്പന്നങ്ങൾ വിൽക്കുകമാത്രം ചെയ്യുന്ന പ്രവർത്തനത്തിൽ മറ്റുചില ഉല്പാദകരുടെ ഭാഗിക സേവനം സ്വീകരിക്കുന്ന മറ്റൊരുകൂട്ടം സ്വതന്ത്ര ഉൽപ്പാദകരാണ്. അങ്ങിനെ തൊഴിലാളികളും കൈത്തൊഴിൽകാരും ഇല്ലാത്തതും ഉത്പാദകരും വ്യവസായികളും മാത്രമുള്ളതുമായ ഒരു വിചിത്ര പ്രതിഭാസമായിരുന്നു സ്വർണ്ണ നിയന്ത്രണ നിയമം പ്രാബല്യത്തിലുണ്ടായിരുന്ന
കാലത്തെ കേരളത്തിലെ സ്വർണ്ണ വ്യാപാരം.
പരമ്പരാഗത തൊഴിലാളികൾ പണിയെടുത്തുകൊണ്ടിരുന്ന മേഖലകളെ
ഇല്ലാതാക്കുന്നതിനും അവിടങ്ങളിലെല്ലാം കള്ളപ്പണക്കാരെയും കള്ളക്കടത്തുകാരെയും പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങൾ തന്നെയാണ്
ഈ തൊഴിലാളികളുടെ ശത്രുക്കൾ. കുത്തകകളെ സഹായിക്കുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്നവരെ സഹായിക്കാൻ ഒരു സർക്കാരും തയ്യാറാകുന്നില്ല എന്നതാണ് പരമ്പരാഗത തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി. ഇതിനെതിരായി
പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും ശക്തമായ,കൂട്ടായ,തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ പുതു തലമുറ ഏറ്റെടുക്കേണ്ട കടമ വളരെ വലുതാണ്.
ശശിക്കുട്ടൻ വാകത്താനം
സ്വർണ്ണം
Comments