വിശ്വകർമ്മജരും കേരള സമൂഹവും


 കേരള സമൂഹത്തിൽ സവിശേഷ പ്രാധാന്യമുള്ള ജനസമൂഹമാണ് വിശ്വകർമ്മജർ.കല്ലൻ, കൊല്ലൻ, ആശാരി, മൂശാരി, തട്ടാൻ എന്ന് അഞ്ച് വിഭാഗങ്ങളെ ഉൾപ്പെടുത്തി ഐക്കുടി കമ്മാളൻ അഥവാ ഐo വക കമ്മാളൻ എന്ന് വിളിച്ചു പോന്നിരുന്നു.ഈ അഞ്ച് വിഭാഗങ്ങളിലും ഉപ വിഭാഗങ്ങളുമുണ്ടായിരുന്നു. കൊല്ലൻമാരിൽ ഐരുതികൾ(അയിരിൽ നിന്നും ഇരുമ്പ് വേർതിരിച്ചെടുക്കുന്നവർ)ബ്രഹ്മ കൊല്ലൻ (ക്ഷേത്രം പണിക്കാർ)കൊച്ചു കൊല്ലൻ (ഉലയിൽ പണി ചെയ്യുന്നവർ)ശുദ്ര കൊല്ലൻ (പണി ആയുധങ്ങൾ നിർമ്മിക്കുന്നവർ) മരപ്പണിക്കാരിൽ സ്ഥപതി, സൂത്രഗ്രാഹി, തക്ഷകൻ, വർദ്ധകി എന്നീ വിഭാഗങ്ങളും ഉണ്ടായിരുന്നു. തട്ടാൻമാരിൽ മലയാളി തട്ടാൻ, പാണ്ടി തട്ടാൻ എന്നിങ്ങനെ പ്രധാനമായും രണ്ടു വിഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.പാണ്ടി തട്ടാൻമാർ വിശ്വകർമ്മജരിലെ മറ്റു വിഭാഗങ്ങളിൽ നിന്നും അകലം പാലിക്കുകയും, വിശ്വബ്രാഹ്‌മണരായും അറിയപ്പെട്ടിരുന്നു.


പൊതുവെ കല്ലിലും മരത്തിലും ലോഹത്തിലും പണിയെടുക്കുന്ന പരമ്പരാഗത തൊഴിൽ സമൂഹമാണ് വിശ്വകർമ്മജർ.സാധാരണ തൊഴിലാളി എന്നതിനപ്പുറം വ്യവസായ പ്രാധാന്യമുള്ള തൊഴിൽ ചെയ്തിരുന്നതിന്നാലും,കലയും ശാസ്ത്രവും നിർണ്ണായക ഘടക മായിരുന്നതിനാലും വ്യവസായ തൊഴിലാളി എന്ന നിലയിൽ ഇവർക്ക് പ്രാധാന്യ മുണ്ടായിരുന്നു.തങ്ങൾ ചെയ്യുന്ന തൊഴിലിന്റെ വ്യവസായ പ്രാധാന്യത്തെ കാണുവാനോ അതിനനുസരണമായി വിലപേശാനോ ഒരുകാലത്തും ഈ സമൂഹത്തിനു കഴിഞ്ഞിരുന്നില്ല. അസംസ്കൃത വിഭവങ്ങളുടെ ലഭ്യത പ്രധാന പ്രശ്ന മായിരുന്നു. അസംസ്കൃത വിഭവങ്ങൾക്കായുള്ള മൂലധനം മുടക്കുന്നതിനോ കച്ചവട തന്ത്രം പ്രയോഗിക്കുന്നതിനോ അവർ ശ്രമിച്ചിരുന്നില്ല .പരമ്പരാഗതമായി ഒരു തൊഴിൽ ചെയ്തു പോരുന്നു എന്നതിനപ്പുറം, മാറി മാറി വരുന്ന ലോക സാഹചര്യങ്ങളെ തിരിച്ചറിയുവാനുള്ള കഴിവ് ഇവർക്കുണ്ടായിരുന്നില്ല.ഇതു മൂലം ഈ തൊഴിലുകൾക്കിടയിൽ ഇടനിലക്കാർ എന്ന ഒരു വിഭാഗം കടന്നു വരുകയും അവർ ഈ മേഖലയിൽ പിടിമുറുക്കുകയും ചെയ്തു.തൊഴിലിന്റെ ലാഭം അവർ എടുക്കുക മാത്രമല്ല കൂലിയുടെ വലിയ ഭാഗം അവർ കവർന്നെടുക്കുകയും ചെയ്തിരുന്നു തന്മൂലം ഈ വിഭാഗം തൊഴിലാളികൾക്ക് ദുരിത പൂർണമായ ജീവിത സാഹചര്യമായിരുന്നു.ആധുനിക ലോകത്തെ സാങ്കേതിക വിദ്യകളും,യന്ത്ര വൽക്കരണവും ഈ തൊഴിൽ മേഖലകളിലെ തൊഴിൽ സാദ്ധ്യതകൾ അനുദിനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.

ജാതി വ്യവസ്ഥ നിലനിന്നിരുന്ന കേരളത്തിൽ വിശ്വകർമ്മജർക്ക് സവർണ്ണ ഹിന്ദുക്കളിൽ നിന്നും പീഡനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്.ഒരുവിഭാഗം ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടു പൂണൂൽ ധരിച്ചിരുന്നു. ഷോഡശ കർമ്മങ്ങൾ അനുഷ്ഠിച്ചു ജീവിക്കുന്ന വിശ്വകർമ്മജർ പോലും ജാതി വിവേചനം അനുഭവിച്ചിരുന്നു എന്നതിന് തെളിവാണ് മാർഗസഹാചാര്യ യുടെ നേതൃത്വത്തിൽ നടന്ന ചെറുത്തുനിൽപ്പും തുടർന്നുണ്ടായ ചിറ്റൂർ ആധാലത്തു കോടതി വിധിയും.കേരള ചരിത്രത്തെ ബ്രാഹ്മണ കേന്ദ്രീകൃതമാക്കുവാൻ ഉടലെടുത്ത പരശുരാമ കഥയും, ചരിത്രത്തെ അപനിർമ്മിക്കലും വിശ്വകർമ്മ സമൂഹത്തെ സാമൂഹ്യമായി പിന്നോക്കം പോകുവാൻ കാരണമായി.

സാമൂഹ്യ മായി ഇത്തരം ഒരു പശ്ചാത്തലം നിലനിന്നിരുന്നതിനാലും,തുടർന്ന് വന്ന ഓരോ കാലത്തും ഈ സമൂഹത്തിനു നേരിടേണ്ടി വന്നത് വലിയ ചൂഷണം ആയിരുന്നതിനാലും തന്റെ തൊഴിൽ നിത്യവൃത്തിക്കു പോലും മതിയാകുന്നതല്ല എന്നു തിരിച്ചറിയുന്നവർ പരമ്പരാഗത തൊഴിലുകളോട് വിടപറയുന്നതായി കാണുവാൻ സാധിക്കും. ഈ സാമൂഹ്യ സാഹചര്യങ്ങൾ മനസിലാക്കി വിശ്വകർമ്മ പ്രസ്ഥാനങ്ങൾ വരും തലമുറകൾക്ക് വേണ്ട അറിവും പ്രായോഗിക ബുദ്ദിയും ഉപയോഗിച്ചാൽ മാത്രമേ സാമൂഹ്യ പിന്നോക്കാവസ്ഥക്ക് പരിഹാരം കാണുവാൻ സാധിക്കയുള്ളൂ...

Comments

Popular posts from this blog

ശതാബ്‌ദി ആഘോഷിക്കുന്ന വാകത്താനം ശ്രീ വിശ്വകർമ്മ മഹാദേവ ക്ഷേത്രം

വിശ്വകർമ്മജരും കേരളചരിത്രവും

കൊടിമരവും കാപ്പ് കെട്ടും

പ്രതിബന്ധങ്ങളുടെ കാണാച്ചരടുകൾ

ഹിന്ദുവിന്റെ ആത്മാഭിമാനം വീണ്ടെടുത്ത ധന്യ മുഹൂർത്തം Adv. PR. ദേവദാസ്

വിശ്വകർമ്മജർ അസഖ്യം സംഘടനകളാൽ അവഗണിക്കപ്പെടുന്നവർ

Viswakarma community Reservation

വിശ്വബ്രാഹ്മണരും മയോണിക് സയൻസും

വിശ്വകർമ്മജരും ഭരണ പങ്കാളിത്തവും